മൂവാറ്റുപുഴ : നഗരസഭയുടെ നേതൃത്വത്തില്‍ 50 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കുന്ന ഡ്രീം ലാന്‍ഡ് നഗരസഭ പാര്‍ക്ക് സമഗ്ര നവീകരണ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ അംഗീകാരം നേടിയ പദ്ധതിയാണ് പുതിയ ഭരണ സമിതിയുടെ പരിഷ്കരണത്തോടെ നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മതിയായ പാര്‍ക്കിംഗ് സംവിധാനവും കോഫി ഷോപ്പും പൊതുശൗചാലയവും കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങളും ഉള്‍പ്പെടുത്തി പാര്‍ക്കിനെ ആധുനിക രീതിയില്‍ പുനഃക്രമീകരിക്കുന്ന തരത്തിലുള്ള പുതിയ ഡിപിആര്‍ തയാറാക്കി. പദ്ധതിയുടെ കല്ലിടല്‍ ചടങ്ങ് നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി നിര്‍വഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിനു മടേക്കല്‍ അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ അബ്ദുല്‍ സലാം പദ്ധതിയുടെ വിശദീകരണം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ആസം ബീഗം, പി. രജിത, നഗരസഭാംഗങ്ങളായ സജി ചാത്തങ്കണ്ടം, ഷിത റാണി തോമസ്, മനു റോയ്, നഗരസഭ എൻജിനീയര്‍ ദിലീപ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബേസില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.